65 : മഹാലനാബിസ് എന്ന വ്യക്തിയെ പറ്റി അല്പ്പം

എന്റെ വന്ദ്യ ഗുരുവായ പ്രൊഫ. എ കെ മഹാലനാബിസ് (എ കെ എം) ഗവേഷണ വിദ്യാര്ഥി്കളുമായി ഇടപെടുന്നതെങ്ങനെ എന്ന് മുമ്പ് എഴുതിയിരുന്നു. എന്നാല്‍ അദ്ദേഹം എന്ന വ്യക്തിയെക്കൂടി പരിചയ പ്പെടുത്താന്‍ ഈ കുറിപ്പ് ഉപയോഗിക്കുന്നു.

പൊതുവേ വ്യക്തിപരമായ കാര്യങ്ങള്‍ പ്രൊഫസര്‍ ഞങ്ങളോട് ചോദിക്കാറില്ല. ഗവേഷണ വിദ്യാര്ഥികള്‍ കുടുംബവുമായി വന്നു താമസിച്ചാല്‍ ഗവേഷണം കാര്യമായൊന്നും നടക്കുകയില്ല എന്ന് അഭിപ്രായം ഉള്ളയാളായിരുന്നു അദ്ദേഹം എന്നാരോ പറഞ്ഞിരുന്നു. പ്രത്യേകിച്ചും ദക്ഷിണ ഇന്ത്യയില്‍ നിന്ന് ഡല്ഹിയില്‍ വരുന്നവര്‍ താജ്മഹലും ഹരിദ്വാറും കണ്ടു ചുറ്റി നടക്കുകയെ ഉള്ളൂ എന്നും ആരോടോ പറഞ്ഞതായി കേട്ടു. ഏതായാലും എന്റെ ഭാര്യയും കുടുംബവും ആദ്യം മുതലേ എന്റെ കൂടെ ഉള്ളതായി ഞാനദ്ദേഹത്തോടു പറഞ്ഞില്ല, അദ്ദേഹം ചോദിച്ചുമില്ല. എന്നാല്‍ രണ്ടു വര്ഷത്തോളം കഴിഞ്ഞു എന്റെ ഗവേഷണത്തില്‍ തൃപ്തിക രമായ പുരോഗതി ഉണ്ടെന്നു കണ്ടതിനു ശേഷം ഒരിക്കല്‍ സാറ് ചോദിച്ചു “ തന്റെ കുടുംബം എവിടെയാണ്? “ “ . ഞാന്‍ പറഞ്ഞു “ എന്റെ കൂടെ ഉണ്ടല്ലോ “, “എപ്പോള്‍ മുതല്‍ ?“ , ഞാന്‍ “ആദ്യം മുതലേ “അദ്ദേഹത്തിന്റെ മുഖത്ത് അല്പം അത്ഭുത ഭാവം മിന്നി മറഞ്ഞോ എന്ന് എനിക്ക് സംശയം തോന്നി. അപ്പോള്‍ വീണ്ടും “ നിങ്ങള്‍ അവരെ ഡല്ഹിയും ജയപ്പൂരും ഹരിദ്വാറും ഒക്കെ കാണിച്ചോ? “ . ഞാന്‍ പറഞ്ഞു ഒരിക്കല്‍ താജില്‍ പോയിട്ടുണ്ട്. “എന്നാല്‍ താന്‍ കുറച്ചു ദിവസം അവധിയെടുത്തു അവരെ സ്ഥലമൊക്കെ കാണിച്ചു വാ”. ഞാന്‍ പറഞ്ഞു :” തുടര്ച്ചയായി അവധിയെടുത്താല്‍ എന്റെ ജോലിയുടെ തുടര്ച്ച നഷ്ടപ്പെടും. അതു കൊണ്ടു ഞായറാഴ്ച മാത്രം ഇപ്പോള്‍ അവധി എടുക്കുന്നതിന് പകരം , ഇനി മുതല്‍ ശനി ഞായര്‍ രണ്ടു ദിവസവും ഞാന്‍ ഡിപാര്ട്ടുമെന്റില്‍ വരുകയില്ല, ഓരോ വാരാന്ത്യത്തില്‍ ഓരോ സ്ഥലത്ത് പോയ്ക്കൊള്ളട്ടേ? “ “ഒ കെ, ഇനി ശനി ഞായര്‍ ദിവസങ്ങളില്‍ തന്നെ ഇവിടെ കാണരുത് “ എന്ന് പറഞ്ഞു. അങ്ങനെ ജയപ്പൂര്‍, താജ് മഹല്‍, ഫത്തെപൂര്‍ സിക്രി, ആഗ്രാ ഫോര്ട്ട് ‌, മുസ്സൂരി, ഹരിദ്വാര്‍ , റിഷികേശ് എന്നിവയെല്ലാം മൂന്നോ നാലോ മാസം കൊണ്ടു കുഞ്ഞുങ്ങളുമായി പോയിക്കണ്ടു. പണിക്കെ ര്സ് ടാവല്സിന്റെ ആതിഥ്യം സ്വീകരിച്ചു കൊണ്ടു തന്നെ .

പ്രൊഫസര്‍ ഒരിക്കല്‍ പോലും ദ്വേഷ്യപ്പെടുന്നത് ഞങ്ങളാരും കണ്ടിട്ടില്ല. എന്റെ ഗവേഷണ കാലാവധി തീരുന്നതിനു മുമ്പ് എന്റേത് ഉള്പ്പെടെ മൂന്നു പേരുടെ തീസിസ് അവസാന ഘട്ടത്തില്‍ എത്തിയിരുന്നു. എന്നെക്കാള്‍ വളരെ മുമ്പ് ഗവേഷണം തുടങ്ങിയ ഒരു ആന്ധ്രാക്കാരനായിരുന്നു ഹനുമാന്തലു , രണ്ടു ഞാന്‍, പിന്നെ ഒരു മൂന്നാമന്‍ ഗോഷായ് ദാസ് റെ എന്നിങ്ങനെ . ഇതേ ക്രമത്തില്‍ ഓരോരുത്തരുടെ തീസിസ് വായിച്ചു തെറ്റ് തിരുത്തി തരാമെന്നു സാര്‍ ‍ തീരുമാനിച്ചു. എല്ലാ ശനിയാഴ്ചയും ഉച്ചക്ക് രണ്ടു മണി മുതല്‍ അഞ്ചു മണിവരെ ആയിരുന്നു ഒരുമിച്ചിരിക്കാന്‍ സമയം. ഒരു ദിവസം പ്രൊഫസര്‍ രണ്ടു മണിക്ക് തന്നെ വന്നു . കുറച്ചു സമയം കഴിഞ്ഞിട്ടും ഹനുമാന്തുലുവിനെ കാണുന്നില്ല. ഞങ്ങള്‍ ഇരുന്ന മുറിയില്‍ വന്നു ആര്ക്കെങ്കിലും എന്തെങ്കിലും ചര്ച്ച ചെയ്യാന്‍ ഉണ്ടെങ്കില്‍ വന്നോളൂ എന്ന് പറഞ്ഞതനുസരിച്ച് സാറും ഞാനും കൂടി എന്തോ ചര്ച്ച ചെയ്തു കൊണ്ടിരിക്കുമ്പോള്‍ മൂന്നുമണി കഴിഞ്ഞ സമയത്ത് ആശാന്‍ ഒരു മൂളിപ്പാട്ടും പാടി അതിലെ കടന്നു പോകുന്നതു സാര്‍ കണ്ണാടി ഭിത്തിയില്‍ കൂടി കണ്ടു. പ്രൊഫസര്‍ അയാളെ വിളിച്ചു, :”ഹേ ഹനുമാന്തലൂ ഞാന്‍ തന്നോടു രണ്ടു മണിക്ക് വരാന്‍ പറഞ്ഞില്ലേ ? എവിടെയാ യിരുന്നു ഇതുവരെ ? ഹനുമാന്തലൂ അപ്പോള്‍ “ഹേ ഹി “ പറഞ്ഞപ്പോല്‍ സാര്‍ ദ്വേഷ്യപ്പെട്ടു മേശപ്പുറ ത്തിരുന്ന ഗ്ലാസിന്റെ പേപ്പര്‍ വെയിറ്റ് എടുത്തു അയാളെ എറിയുന്നത് പോലെ കാണിച്ചു. അതായിരുന്നു ഞാന്‍ ഒരേ ഒരു പ്രാവശ്യം അദ്ദേഹം അല്പ്പം എങ്കിലും കോപി ഷ്ടനായി കണ്ടത്.

ഗവേഷണ പരിപാടി അവസാനിക്കുന്നതിനു മുമ്പ് അദ്ദേഹം എന്നെയും കുടുംബത്തെയും വീട്ടിലേ ക്കു ക്ഷണിച്ചു , ഒരു ദിവസം വൈകു ന്നേരം ഭക്ഷണത്തിന്. ഞാന്‍ ഭാര്യയും കുഞ്ഞു ങ്ങളുമായി അവിടെ പോയി. ബംഗാളികളും മലയാളികളും പൊതുവേ ഒരേ രീതിയില്‍ ചിന്തിക്കുന്നവരാണെന്നു പറയുമെങ്കിലും ഞങ്ങള്‍ അനുഭവത്തില്‍ അത് മനസ്സിലാക്കി. പ്രൊഫസരുടെ ശ്രീമതി യുടെയും കുട്ടികളുടെയും ഹൃദ്യമായ പെരുമാറ്റവും അതുപോലെ തന്നെ രുചികരമായ ഭക്ഷണവും ഞങ്ങളെ വളരെ സന്തോഷിപ്പിച്ചു. 

ഇത് കഴിഞ്ഞു ഒരിക്കല്‍ ഞാന്‍ സാറിനെയും ശ്രീമതിയും എന്റെ വീട്ടിലേക്കു മടിച്ചു മടിച്ചു ക്ഷണിച്ചു ഒരു വാരാന്ത്യത്തില്‍. അദ്ദേഹം ഒരു മടിയും കൂട്ടാതെ ക്ഷണം സ്വീകരിച്ചു. ഞങ്ങള്ക്ക് മൂന്നാം വര്ഷം ആദ്യം ക്യാമ്പസിലെ നളന്ദാ ഹോസ്റ്റലില്‍ താമസിക്കാന്‍ അവസരം കിട്ടി യിരുന്നു. ശ്രീമതി നമ്മുടെ നാടന്‍ രീതിയില്‍ ചിക്കനും ഐ എന്‍ എ മാര്ക്ക്റ്റില്‍ നിന്ന് ഞാന്‍ വാങ്ങിക്കൊണ്ടു വന്ന അയക്കൂര മത്സ്യം നന്നായി പൊരിച്ചതും ഫ്രൈഡ് റൈസും ചപ്പാത്തിയും മറ്റും ഉണ്ടാക്കിയിരുന്നു. ഞങ്ങള്‍ പ്രൊഫസറും ഭാര്യയും മാത്രമേ വരുകയുള്ളൂ എന്നാണ് കരുതിയത്‌ . എന്നാല്‍ സാറും ഭാര്യയും മൂന്നു മക്കളും കൂടിയാണ് വന്നത്. എല്ലാവരും നമ്മുടെ എരിവുള്ള ഭക്ഷണം ആസ്വദിച്ചു കഴിച്ചു. ഉണ്ടാക്കിയത് ഒട്ടും ബാക്കി വക്കാതെ തന്നെ. നല്ല ഭക്ഷണം ഉണ്ടാക്കുന്ന വര്ക്ക് അത് മറ്റുള്ളവര്‍, പ്രത്യേകിച്ച് അതിഥി കള്‍, സന്തോഷത്തോടെ കഴിക്കുമ്പോഴുണ്ടാകുന്ന ആനന്ദം ശ്രീമതിയുടെ മുഖത്തു കാണാമായിരുന്നു. പ്രത്യേകിച്ചും മത്സ്യ മാംസം കഴിക്കാത്ത അയാള്‍ ഉണ്ടാക്കിയ വിഭവങ്ങള്‍ അവര്‍ രുചി യറിഞ്ഞു കഴിച്ചപ്പോള്‍. രാത്രി വൈകും വരെ ഞങ്ങള്‍ വര്ത്തമാനം പറഞ്ഞിരുന്നു. ഈ ചെറിയ സംഭവവും അദ്ദേഹത്തിന്റെയും കുടുംബ ത്തിന്റെയും മഹത്വവും കുലീനത്വവും വിളിച്ചു പറയുന്നതായിരുന്നു.

ഞങ്ങള്‍ തിരിച്ചു കോഴിക്കോട്ടു പോന്നതിനു ശേഷം പ്രൊഫസര്‍ അമേരിക്കയില്‍ പോയ വിവരവും ബാക്കി കാര്യങ്ങളും പിന്നൊരവസരത്തിലാവാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും