56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?
പല കാര്യത്തിലും പുരുഷന്മാരേക്കാള്‍ മുന്‍ വിധികളും അന്ധ വിശ്വാസങ്ങളും സ്ത്രീകള്ക്കാ ണെന്നു കൂടുതലെന്നു തോന്നുന്നു. പ്രത്യേകിച്ചും സ്വന്തം ഭര്ത്താവിനെയും കുട്ടികളെയും സംബന്ധിക്കുന്ന കാര്യങ്ങളാണെങ്കില്‍ തീര്ച്ച. എന്റെ ധര്മ്മ പത്നിയും ഇതിനു നല്ലൊരു ഉദാഹരണമാണെന്ന് തോന്നുന്നു. കാര്യം നിസ്സാരം ആണെങ്കിലും അവര്ക്ക് കരയാനും ഉറക്കം കെടുത്താനും വലിയ കാര്യമൊന്നും വേണ്ടല്ലോ. (സ്ത്രീ വിമോച നക്കാര്‍ ക്ഷമിക്കണേ )
ഇതും ഡല്ഹി്യില്‍ വച്ച് തന്നെ നടന്നത് . ഒരു ദിവസം ഞാന്‍ ഇന്സ്റ്റിട്യൂട്ടിലെ പകല്‍ മുഴുവന്‍ ‘ഗവേഷണം’ കഴിഞ്ഞു വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ശ്രീമതി വളരെ ദുഖിതയായി ഇരിക്കുന്നു. എന്താണ് സംഭവം , കുഞ്ഞുങ്ങള്‍ ഒന്നും പറയുന്നില്ല. കാര്യങ്ങള്‍ അന്വേഷിച്ചു പരിഹാരം കണ്ടെത്താനുള്ള പ്രായവും അവര്ക്കായില്ലല്ലോ. സംഭവം ഇതാണ്. വീട്ടുകാരിയുടെ താലിമാല യില്‍ നിന്ന് കെട്ടുതാലി എങ്ങനെ യോ നഷ്ടപ്പെട്ടു പോയി. ഞാന്‍ പറഞ്ഞു താലിയല്ലേ പോയുള്ളൂ, “ഞാന്‍ പച്ച ജീവനോടെ ഉണ്ടല്ലോ, നമുക്ക് സൗകര്യം പോലെ നാട്ടില്‍ പോകുമ്പോള്‍ ഒരെണ്ണം വാങ്ങാം” . പക്ഷേ ശ്രീമതിക്ക് അത് പോര. അപ്പോള്‍ തന്നെ സാധനം ഉണ്ടാക്കണം. ഞാനറിഞ്ഞിടത്തോളം താലികള്‍ പല രീതിയില്‍ ഉണ്ടാവും. ഓരോ ജാതിക്കാര്ക്കും ഭാഷ സംസാരിക്കുന്നവര്ക്കും താലിയുടെ ആകൃതിയിലും വലിപ്പത്തിലും വ്യത്യാസം ഉണ്ടെന്നു ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇവിടെ നാട്ടിലെപ്പോലെ റെഡി മെയ്ഡ് താലി കിട്ടാനുള്ള സാദ്ധ്യതയും വളരെ കുറവാണെന്ന് ഉറപ്പായി. സ്വര്ണപ്പ ണിക്കാര്‍ തന്നെ ദക്ഷിണ ഡല്ഹിയില്‍ ആരുമുള്ളതായി അറിയില്ല. ഉത്തര ഡല്ഹിയില്‍ കരോള്‍ ബാഗിലാണ് ചില സ്വര്ണക്കടകളും മറ്റും ഉള്ളത്. അവിടെ പോകണമെങ്കില്‍ മുക്കാല്‍ മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്യണം. ശ്രീമതിയുടെ വാശി കാരണം ക്ഷീണമുണ്ടെങ്കിലും ഞാന്‍ പുറപ്പെട്ടു ഒരു ചായ കുടിച്ചിട്ട്. കരോള്‍ ബാഗില്‍ ചെന്ന് കുറെ അന്വേഷിച്ചു ഒരു സ്വര്ണപ്പണിക്കാരന്റെ താവളം കണ്ടു പിടിച്ചു കാര്യം അവതരിപ്പിച്ചു. ഉദ്ദേശിച്ചത് പോലെ സാധനം ഉണ്ടാക്കി എടുത്തെ പറ്റൂ, റെഡി മേയ്ടില്ല. . ഏതായാലും ഞാന്‍ അതിന്റെ ആകൃതി (ആലിന്റെ ഇല പോലെ ) വരച്ചു കാണിച്ചു ഒന്നോ രണ്ടോ ഗ്രാമില്‍ ഉണ്ടാക്കാന്‍ ഉള്ള പണവും കൊടുത്തു രാത്രി തിരിച്ചെത്തി. മൂന്നാം ദിവസം പോയി അത് വാങ്ങി കഴുത്തില്‍ ഇട്ടിട്ടേ അയാള്ക്ക് സമാധാനമായുള്ളൂ.
ഇത് പോലെ ഒരു സംഭവം എന്റെ വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങള്ക്കകം നടന്നതോര്മ്മ വന്നു. അന്ന് സാധനം കളഞ്ഞു പോയത് എന്റെ കയ്യില്‍ നിന്നാണ്. ഞങ്ങള്‍ അന്ന് അവധിക്കു നാട്ടില്‍ പോയാല്‍ ശ്രീമതിയുടെ വീടിന്റെ അടുത്തു കൂടി ഒഴുകിപ്പോകുന്ന പമ്പയാറ്റില്‍ കുളിക്കുന്നതു പതിവാണ്. ഒരു ദിവസം ഞാനും അളിയനും കൂടി ഞങ്ങളുടെ കടവില്‍ കുളിക്കാന്‍ ഇറങ്ങി. എന്റെ കയ്യില്‍ ഏതാനും മാസം മുമ്പ് ശ്രീമതി വിവാഹസമയത്ത് അണിയിച്ച ഒരു മോതിരം ഉണ്ടായിരുന്നു. അതല്പ്പം ലൂസായിരുന്നു തുടക്കത്തിലെ തന്നെ. കാര്യമായി സോപ്പ് തേച്ചു കുളിച്ചപ്പോള്‍ മോതിരം സോപ്പിന്റെ സഹായത്തോടെ വിരലില്‍ നിന്ന് ഊര്ന്നു വെള്ളത്തിലേക്ക് വീണു. വെള്ളം അത്ര സ്ഫടിക സമാനം ഒന്നും അല്ല. ഏതായാലും ഞാന്‍ കുറച്ചു നേരം മോതിരം വീണ സ്ഥലത്തു തപ്പി നോക്കി, എന്നാല്‍ സാധനം കിട്ടിയില്ല, കാര്യം മനസ്സിലായപ്പോള്‍ അളിയനും ശ്രമിച്ചു നോക്കി, ഫലം ഒന്നുമില്ല. കുളിക്കാന്‍ ഇറങ്ങിയ ആള്ക്കാരെ കുറെ നേരം ആയിട്ടും കാണാത്തപ്പോള്‍ വീട്ടുകാര്‍ അന്വേ ഷിച്ചു കടവില്‍ എത്തി കാര്യം മെല്ലെ മെല്ലെ എല്ലാവരും അറിഞ്ഞു. ശ്രീമതി വിവാഹ മോതിരം പോയെന്നു പറഞ്ഞു കരച്ചിലിന്റെ വക്കത്തെത്തി. അര മുക്കാല്‍ മണിക്കൂര്‍ തപ്പി യിട്ടും സാധനം കിട്ടിയില്ല. കൂടുതല്‍ പേര്‍ തപ്പിയാല്‍ സാധനം ചെളിയില്‍ താഴ്ന്നു പോയാല്‍ ഒരിക്കലും കിട്ടാന്‍ സാദ്ധ്യത യില്ലാതാകും എന്നതു മറ്റൊരു വസ്തുത.
അപ്പോഴാണ് കരയില്‍ ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ടിരുന്ന ഒരു വൃദ്ധന്‍ ഒരുപായം പറഞ്ഞത്. കാര്യം ലളിതമാണ്. എഞ്ചിനീയരിങ്ങില്‍ ഞങ്ങള്‍ സിമുലേഷന്‍ (simulation) എന്ന് പറയുന്ന പരിപാടി. ഒരു പ്രവര്‍ത്തിയെ കഴിയുന്നത്ര വിശ്വസ്തതയോടെ അനുകരിക്കുക , അതാണ് സിമുലെഷന്‍. അയാള്ക്ക് ഇതൊന്നും അറിയില്ല, പക്ഷെ പറഞ്ഞത് ഇതാണ്. ഏകദേശം കളഞ്ഞു പോയ മോതിരത്തിന്റെ അതെ ആകൃതിയും ഭാരവും ഉള്ള മറ്റൊരു മോതിരം ഒരു നീണ്ട നൂലില്‍ കെട്ടി കയ്യിലിട്ടിട്ടു എന്നോടു ഞാന്‍ സോപ്പ് തേച്ചതു പോലെ ആക്ഷന്‍ കാണിക്കാന്‍ പറഞ്ഞു. കയ്യിലെ മോതിരം വീണ്ടും വെള്ളത്തിലേക്ക് വീണു. അദ്ദേഹം പറഞ്ഞത് ആ മോതിരം താഴെ വീണ സ്ഥലത്ത് തിരയാനാണ്. അത്ഭുതം എന്ന് പറയട്ടെ നൂല് കെട്ടിയ മോതിരത്തിന്റെ തൊട്ടടുത്ത് എന്റെ വിവാഹ മോതിരം കിടക്കുന്നു. രണ്ടും കൂടി ഞാന്‍ തന്നെ കയ്യില്‍ കോരി എടുത്തു . ഞാന്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞു . എന്നിട്ട് ചോദിച്ചു ചേട്ടാ ഇതെങ്ങനെ ചേട്ടന് തോന്നി. അയാള്‍ പറഞ്ഞു “ അനിയാ ഇതിനു നിങ്ങളുടെ എഞ്ചിനീയറിന്ഗ് വൈദഗ്ദ്ധ്യം ഒന്നും വേണ്ട. സാധാരണ ആറ്റരികില്‍ സദ്യവട്ടം കഴിഞ്ഞു ഞങ്ങള്‍ വലിയ പാത്രങ്ങള്‍ ( ഉദാഹരണത്തിന് വലിയ ചെമ്പുകൊണ്ടുള്ള വാര്പ്പു , ഉരുളി മുതലായവ) കഴുകാന്‍ ഇടുമ്പോള്‍ ചിലപ്പോള്‍ ആറ്റിലെ ഓളത്തില്‍ ഇത് മെല്ലെ നീങ്ങി കയത്തിലേക്ക് നീങ്ങിപ്പോകാറുണ്ട്. അപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത് ഇത് തന്നെയാണ്. ഒഴുകിപ്പോയ പാത്രത്തിന്റെ അതെ രീതിയില്‍ ഉള്ള മറ്റൊരു പാത്രത്തില്‍ നീളമുള്ള കയറു കെട്ടി കടവില്‍ ഇടും. ആറ്റിലെ ഒഴുക്കനുസരിച്ചു കയറു കെട്ടിയ പാത്രം ആദ്യം ഒഴുകിപ്പോയ പാത്രത്തിന്റെ തൊട്ടരുകില്‍ പോയി കിടക്കുന്നത് കാണാം. അത്രയും വലിയ പാത്രം കണ്ടെത്താന്‍ ഉപയോഗിക്കുന്ന രീതി ഇവിടെ ഒന്ന് പരീക്ഷിച്ചു നോക്കാന്‍ പറഞ്ഞു എന്നെ ഉള്ളൂ. അത്ര മാത്രം “ . ഏതായാലും അദ്ദേഹത്തിന്റെ ഉപദേശ ഫലമോ ശ്രീമതി മങ്കൊമ്പില്മ്മയ്ക്ക് വഴിപാട് നേര്ന്നത് കൊണ്ടോ എന്റെ സിമുലേഷന്‍ തികച്ചും ശരിയായ രീതിയില്‍ ആയതു കൊണ്ടോ ഒരു പവനില്‍ നിര്‍മ്മിച്ച ആ മോതിരം ഞങ്ങള്ക്ക്ര തിരിച്ചു കിട്ടി. 1969 ല്‍ കളഞ്ഞുപോയി കിട്ടിയ ആ മോതിരം ഇന്നും 2017 ലും എന്റെ കയ്യില്‍ കിടക്കുന്നു എന്ന് പറഞ്ഞാല്‍ എന്റെ വായനക്കാര്‍ ആരെങ്കിലും വിശ്വസിക്കുമോ, ഉറപ്പില്ല.!!!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ