19 സമ്മര്‍ സ്കൂളും ഐ ഐ ടി യിലെ അദ്ധ്യാപന രീതികളും
കുഞ്ഞുമോളും ശ്രീമതിയുമായി ആര്‍ ഈ സി ക്യാമ്പസ്സില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും കൂടാതെ കഴിഞ്ഞു പോയി. കുഞ്ഞു തികച്ചും ഒരു അമുല്‍ ബേബി ആയിരുന്നു, കാരണം അമുലി ന്റെ പാല്പ്പോടി തന്നെ അയാളുടെ പ്രധാന ആഹാരം . നല്ല ഫോട്ടോജെനിക് ആയ മുഖം. തന്റെ ഉണ്ടവയറും താങ്ങി ഉള്ള പല്ല് മുഴുവന്‍ പുറത്തിട്ടു ആരെക്കണ്ടാലും ചിരിക്കും. പിന്നെ എന്റെ കൂടെ ക്ലബ്ബില്‍ കൊണ്ടുപോകുന്നതു കൊണ്ടു പലര്ക്കും അവളെ പരിചയമായി അവരില്‍ പലരും അവളെ ഓമനിക്കാനും തുടങ്ങി.
ഞങ്ങളുടെ ഡിപ്പാര്ട്ടുമെന്റില്‍ ഞങ്ങളുടെ ബാച്ചിനടുത്ത വര്ഷം ജോലിയില്‍ ചേര്ന്ന ടി എല്‍ ജോസ്, എ രാമലിംഗം, എം എസ ഐസക്, കെ എ ജോസഫ് എന്നിവരെല്ലാവരും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. രാമലിംഗം അയാളുടെ സ്വന്തം ക്യാമെറായില്‍ മോളുടെ കുറെ ഫോട്ടോ എടുത്തു തന്നെ. അമ്മയുടെയും എന്റെയും ഉള്പ്പെടെ. അന്നത്തെ ബ്ലാക്ക് & വൈറ്റ് ഫോട്ടോകള്‍ ചിലത് ഇപ്പോഴും അത്ര മോശമാകാതെ ഉണ്ട്. അവയില്‍ ചിലത് സ്കാന്‍ ചെയ്തത് ഇതോടോപം കൊടുക്കുന്നു. ഇവരില്‍ രാമലിംഗം എയര്‍ ഇന്ത്യയില്‍ ഗ്രൌണ്ട് എഞ്ചിനീയര്‍ ആയി പോയി. ഐസക് , ജോസഫ് എന്നിവര്‍ ഇലക്ട്രിസിറ്റി ബോര്ഡിയലും ജുനിയര്‍ എഞ്ചിനീയര്‍ മാരായി പോയി
F ടൈപ് ക്വാര്ട്ടെര്സിലെ താമസത്തിനിടയ്ക്ക് അയല്‍ വാസികള്‍ ആയിരുന്നു ഞങ്ങളുടെ തന്നെ ഡിപ്പാര്ട്ടുമെന്റിലെ രഘുരാമിറെഡ്ഡിയും മെക്കാ നിക്കലിലെ ഈ എം സോമശേഖരന്‍ നായര്‍, ജോര്ജു വര്ഗീസ് , മാത്ത്സിലെ ഒ ടി ജോര്ജു , സുലൈമാന്‍ സാര്‍ എന്നിവര്‍. സുലൈമാന്‍ സാര്‍ ടികെ എമ്മില്‍ നിന്ന് വന്നതായിരുന്നു. അവിടെ വച്ച് എനിക്കു ക്ലാസ് എടുത്തിട്ടില്ല എങ്കിലും ഞാന്‍ അദ്ദേഹത്തെ ഗുരുതുല്യനായി തന്നെ കണക്കാ ക്കിയിരുന്നു. റെഡ്ഡിയുടെ ഭാര്യ രേവതി ശ്രീമതിക്ക് നല്ല കൂട്ടായിരുന്നു, അവരുടെ ക്വാര്ട്ടരിനു തൊട്ടു പുറകില്‍ താമസിച്ചിരുന്ന നര്സമ്മയ്ക്ക് തെലുങ്ക് ഭാഷ കുറേശ്ശെ അറിയാമായിരുന്നു. തെലുങ്കു അറിയാന്‍ വയ്യെങ്കിലും ശ്രീമതിയും ഇവരുടെ കൂടെ കൂടും. മദ്ധ്യ വേനല്‍ അവധി വരെ അടിച്ചു പൊളിച്ചു ജീവിച്ചു. കോതമംഗലത്ത് കാരനായ ഒരു ഫിസിക്കല്‍ എഡ്യുക്കേഷന്‍ അദ്ധ്യാപകന്‍ ജോണ് ഫിലിപ്പും അന്ന് ഞങ്ങളുടെ അയല്വാസിയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ മോളുടെ അതെ പ്രായം ആയിരുന്നു. ആരോഗ്യത്തില്‍ അല്പ്പം പിന്നോക്കം ആയിരുന്നു ആ കുട്ടി.
ഏപ്രില്‍ മേയ് ആയപ്പോള്‍ പതിവ് പോലെ അമ്മയെയും മോളെയും വീട്ടിലാക്കി വീണ്ടും സമ്മര്‍ സ്കൂളിനു മദിരാശിയിലേക്ക് പുറപ്പെട്ടു. മൂന്നു സമ്മര്‍ സ്കൂളില്‍ അവസാനത്തെതായിരുന്നു. പൊതുവേ ഐ ഐ ടി കളിലെ അദ്ധ്യാപനത്തെ പ്പറ്റി ഞങ്ങളില്‍ ആര്ക്കും അത്ര നല്ല അഭിപ്രായം ആയിരുന്നില്ല. ഏതാനും അദ്ധ്യാപകര്‍ ലോക പ്രശസ്തരായ ഗവേഷകരും നല്ല അദ്ധ്യാപകരും ആയിരുന്നു എങ്കിലും ഞങ്ങളെ പഠിപ്പിച്ചവരില്‍ കൂടുതലും ഇങ്ങനെയല്ല പഠിപ്പിക്കേണ്ടത് എന്ന് അദ്ധ്യാപകരായ ഞങ്ങളെ കാണിച്ചു തരുകയാ ണോ എന്ന് വരെ തോന്നിയിരുന്നു..
ഞങ്ങളെ പഠിപ്പിച്ചവരില്‍ പ്രൊഫസര്‍ വി ജി കെ മൂര്ത്തിയെയും ആന്തണി റെഡ്ഡിയെയും പോലെയുള്ള പ്രഗത്ഭരായ ഏതാനും മാതൃകാ അദ്ധ്യാപക രുണ്ടായിരുന്നു. വൈദ്യുത നെറ്റ് വര്ക്ക് തിയറി ആയിരുന്നു പ്രൊഫ മൂര്ത്തി് പഠിപ്പിച്ചത്. നെറ്റ വര്ക്കു തിയരിയിലെ അതികായനായ ഇല്ലി നോയി യൂണീവെര്സിറ്റിയിലെ വാന്‍ വാല്ക്കന്‍ ബെര്ഗ് എന്ന പ്രൊ്സഫരുടെ കൂടെ പി എച് ഡി ചെയ്തയാളായിരുന്നു മൂര്ത്തി സാര്‍. അതുപോലെ ആന്റണി റെഡ്ഡി ട്രാന്സിസ്റ്റര്‍ ഇലക്ട്രോണിക്സും അനായാസമായി പഠിപ്പിച്ചിരുന്നു. എന്നാല്‍ മറ്റു ചില സാറന്മാര്‍ വലിയ ചില പുസ്തകവും താങ്ങി ക്ലാസില്‍ വരും എന്നിട്ട് അതില്‍ നോക്കി ബോര്ഡില്‍ ചില സമവാക്യങ്ങള്‍ വിഷമിച്ചു എഴുതി വയ്ക്കും. എന്നിട്ട് “ ഇതെങ്ങനെ കിട്ടിയെന്നു നോക്കാം (Let us See, how he got it “) എന്ന് പറയും. കുറെ സമയം അങ്ങനെ ചിലവാക്കി അദ്ദേഹത്തിനും ഞങ്ങള്ക്കും ഒരു പ്രയോജനവും ഇല്ലാതെ ഒരു മണിക്കൂര്‍ കഴിഞ്ഞു പോകും.
ആദ്യത്തെ സമ്മര്‍ സ്കൂളില്‍ ഫിസിക്സിലെ ഒരു പ്രൊഫസര്‍ ഉണ്ടായിരുന്നു. ഒരു ആറടി പൊക്കവും അതിനൊത്ത വണ്ണവും ഉള്ള ഒരു ആജാനു ബാഹു. പ്രൊഫ. രാമശാസ്ത്രി. എന്നായിരുന്നു അദ്ദേഹത്ത്തിന്റെപേര്. അദ്ദേഹം അറ്റോമിക് ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ചിലതു കണ്ടു പിടിച്ച നീല്സ് ബോര്‍ എന്ന ശാസ്ത്രജ്ഞനെപ്പറ്റി വാതോരാതെ പ്രസംഗിക്കും. അദ്ദേഹം ക്ലാസില്‍ വരുന്നത് തന്നെ ഒരു പ്രത്യേക രീതിയിലാണ് വലിയ ഒരു സ്യുറ്റ് കേയ്സുമായാണ് വരിക. അതുമായി നീണ്ട സ്റെജില്‍ മൂന്നു ചാല് അങ്ങോട്ടും ഇങ്ങോട്ടും നടക്കും . അതിനു ശേഷം സ്യുട്ട് കെയ്സ് മേശപ്പുറത്തു വച്ച് പ്രസംഗം തുടങ്ങും. പരമ ബോറന്‍ ക്ലാസ്. അദ്ദേഹം പറയുന്ന ചില വാചകങ്ങള്‍. “ നീല്സ് ബോര്‍ വലിയകാര്യങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. മറ്റുള്ളവര്‍ ചെയ്തതില്‍ നിന്ന് ഒരു ചെറിയ വ്യത്യാസം മാത്രം . അയാള്‍ ഭിത്തിയില്‍ ഒരു ചെറിയ പൊട്ടല്‍ ഉണ്ടാക്കി (He made just a crack in the wall) അത്ര മാത്രം “. ഞങ്ങള്‍ തമാശയായി ചേര്ക്കും “ നമ്മുടെ ശാസ്ത്രിയും അവിടെ പോയി, ആ നീല്‍സ് ബോര്‍ ഉണ്ടാക്കിയ പൊട്ടലില്‍ കൂടി മറു വശത്തേക്ക് കടക്കാന്‍ നോക്കി, പക്ഷെ ആ പൊട്ടല്‍ വളരെ ചെറുതും രാമമൂര്തിയുടെ ശരീര വലിപ്പം കൂടുതലും ആയതു കൊണ്ടു അദ്ദേഹത്തിന് കയറാന്‍ പറ്റിയില്ല. അതുകൊണ്ടു അദ്ദേഹം തിരിച്ചു പോന്നു ഐ ഐ ടി യില്‍ പഠിപ്പിക്കാന്‍ ചേര്ന്നു “ എന്ന് .
മറ്റൊരാള്‍ പ്രോബബിലിറ്റി പഠിപ്പിക്കും. അദ്ദേഹം ഞങ്ങള്ക്ക് പത്തോളം പ്രോബ്ലം ഷീറ്റുകള്‍ തന്നിരുന്നു., ഓരോ ഷീറ്റിലും 20 ഓളം കണക്കുകള്‍ ചെയ്യാന്‍. വല്ലപ്പോഴും ക്ലാസ്സില്‍ വന്നാല്‍ ഈ കണക്കുകള്‍ ചെയ്യാന്‍ പറയും. ഞങ്ങള്‍ രണ്ടോ മൂന്നോ പേര്‍ ഒരേ പ്രോബ്ലത്തിനു മൂന്നു വ്യതസ്ത ഉത്തരങ്ങള്‍ കാണിച്ചാല്‍ അദ്ദേഹം അതെല്ലാം ശരിയെന്നു തല കുലുക്കി സമ്മതിക്കും. കുറെ യേറെ ആള്ക്കാര്‍ സംശയം ചോദിച്ചു സഹി കെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, “അവസാനത്തെ ക്ലാസ്സില്‍ ഞാന്‍ ഈ പ്രോബ്ലങ്ങളില്‍ ഏതെങ്കിലും കുറെ ചെയ്തു കാണിക്കാം “ എന്ന് വാഗ്ദാനം ചെയ്തു. അവസാന ദിവസം അദ്ദേഹം ക്ലാസില്‍ വന്നുമില്ല. ഇങ്ങനെ പല അദ്ധ്യാപകരും ഉണ്ടായിരുന്നു ഞങ്ങള്ക്ക് .
മൂന്നാമത്തെ സമ്മര്‍ സ്കൂള്‍ പരീക്ഷകൂടി കഴിഞ്ഞാല്‍ മാത്രമേ എം ടെക്കിനു ഒരു വര്ഷം ലാഭിക്കാന്‍ കഴിയുമോ എന്നറിയൂ. അങ്ങനെ 5000 മീറ്റര്‍ ഓട്ടത്തിന്റെ അവസാന ലാപ്പ് ഓടുന്നത് പോലെ പരീക്ഷകള്‍ എല്ലാം ഒരു വിധം നന്നായി എഴുതി. അത്ര മോശമല്ലാത്ത ഗ്രെയ്ടും കിട്ടി. ഏതായാലും മൂന്നു സമ്മര്‍ ക്ലാസ്സുകളിലെയും പരീ ക്ഷകളെല്ലാം വിജയകരമായി പൂര്ത്തിയാക്കിയ ആര്‍ ഈ സി യില്‍ നിന്നും വന്ന ഞങ്ങള്‍ രണ്ടാള്ക്കും , വെങ്കടരമണിക്കും എനിക്കും നേരിട്ട് രണ്ടാം വര്ഷത്തേക്ക് സെലക്ഷന്‍ കിട്ടി. വെങ്കടരമണി ഇല്കട്രോണിക്സും ഞാന്‍ കണ്ട്രോള്‍ സിസ്റ്റവും ആയിരുന്നു പ്രത്യേക വിഷയങ്ങളായി തിരഞ്ഞെ ടുത്തത്. വൈ വി എന്ന് ഞങ്ങള്‍ വിളിക്കുന്ന വെങ്കട രമണി ഐ ഐ ടി മദ്രാസില്‍ നിന്ന് തന്നെ ബി ടെക് കഴിഞ്ഞയാളായിരുന്നു. എനിക്ക് ഡിപ്പാര്മെട്ട്‌ന്റില്‍ വളരെയധികം സഹായിയും ആയിരുന്നു അദ്ദേഹം . തമിഴ് നാട്ടുകാരനായിരുന്നു എങ്കിലും എ ജീസ് ഓഫീസില്‍ ഉദ്യോഗസ്ഥനായ അച്ഛന്റെ കൂടെ ആറോ ഏഴോ സംസ്ഥാനങ്ങളില്‍ താമസിച്ച ആളായിരുന്നു. ഞങ്ങള്‍ രണ്ടു പേരും ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി ശമ്പളം ഇല്ലാത്ത അവധിക്കു അപേക്ഷ കൊടുത്തു. പക്ഷെ എന്റെ അപെക്ഷ ഞാന്‍ പ്രൊബേഷന്‍ പൂര്ത്തിയാക്കി യില്ല എന്ന കാരണം പറഞ്ഞു നിരസിച്ചു. വൈ വി ക്കു മാത്രം അവധി അനുവദിച്ചു.
സമ്മര്‍ സ്കൂള്‍ കഴിഞ്ഞു വീണ്ടും ഭാര്യയും മകളുമായി ക്യാമ്പസില്‍ എത്തി. അതിനിടയില്‍ ശ്രീമതിയുടെ നല്ല സുഹൃത്തായിരുന്ന റെഡ്ഡിയുടെ ഭാര്യ രേവതി നാട്ടില്‍ വച്ച് ഒരപകടത്തില്‍ (തീപ്പോള്ളലേറ്റ് ) മരണമടഞ്ഞു എന്നറിഞ്ഞു. അതിനു ശേഷം റെഡ്ഡിയും ജോലി രാജി വെച്ച് തിരുപ്പതി ശ്രീ വെങ്കടെശ്വര എഞ്ചിനീയറിംഗ് കോളേജില്‍ അദ്ധ്യാപകനായി പോയി. അവിടെ നിന്ന് അദ്ദേഹം ഐ ഐ ടി മദ്രാസില്‍ പി എച് ഡി ക്കു പോകുകയും വേറെ വിവാഹം കഴിച്ചു കുട്ടികളുമായി സുഖമായി കഴിയുന്നു എന്നും കേട്ടു.




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ