ആര്‍ ഈ സി ഓര്‍മ്മകള്‍ - 6 : ഡി മെസ്സിലെ മസാല ദോശയും വിവാഹ നിശ്ചയവും

നമ്മുടെ നാട്ടില്‍ എല്ലാ ചെറുപ്പക്കാര്ക്കും പഠനം കഴിഞ്ഞു ജോലി കിട്ടി കഴിഞ്ഞാല്‍ അടുത്ത പടി വിവാഹം ആണല്ലോ. കൊല്ലത്തു ടി കെ എം എഞ്ചി നീയറിംഗ് കോളേജില്‍ ആദ്യം ജോലി കിട്ടി, ഏകദേശം ഒരു വര്ഷം കഴിഞ്ഞു ആര്‍ ഈ സി യിലേക്ക് മാറി. പതിവ് പോലെ എനിക്കും വീട്ടില്‍ വിവാഹാലോചന തുടങ്ങിയെങ്കിലും എനിക്ക് ഉടനെ വിവാഹം കഴിക്കാന്‍ തീരെ താല്പര്യം ഇല്ല എന്ന് ജ്യേഷ്ടനോടും അച്ഛനോടും ഉറപ്പായി പറഞ്ഞി രുന്നു. ‘കാള കളിച്ചു’ നടക്കാനുള്ള താല്പര്യത്തെ ക്കാള്‍ വിവാഹം ഉപരിപഠനം കഴിഞ്ഞു മതി , പെണ്ണും പ്രാരബ്ധവും ഒക്കെ അതിനു പ്രതിബന്ധ മാവും എന്നുള്ള ഭയം ആയിരുന്നു പ്രധാന കാരണം.

എന്റെ ജ്യേഷ്ടന്‍ (പ്രൊഫ. ശശിധരന്‍ https://en.wikipedia.org/wiki/K._P._Sasidharan)  എഴുതിയ ഒരു ചെറുകഥ ഓര്മ്മയില്‍ വരുന്നു: ഒരു ട്രെയിന്‍ യാത്രയില്‍ ഒരു അരഭ്രാന്തനെ കണ്ടു മുട്ടി . അയാള്‍ ഘോര ഘോരം പ്രസംഗിക്കുക യാണ്. “ ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠം കയറിയത്രേ ! ഫൂ അയാളൊന്നും കയറിയില്ല.” സഹായാത്രികരിലൊരാള്‍ പ്രോത്സാഹിപ്പിച്ചു : “ എന്തെ അങ്ങനെ, കാരണം പറയാമോ ? “. അയാള്‍; നിങ്ങള്‍ കേട്ടിട്ടില്ലേ ? സര്‍വജ്ഞപീഠം കയറാന്‍ പല വിദ്വാന്മാരോടും വാദപ്രതി വാദത്തില്‍ ജയിച്ചു അവസാനം ശങ്കരന്‍ ഒരു വിദുഷിയുടെ അടുത്തെ ത്തി. അവര്‍ ചോദിച്ചു “ നിങ്ങള്‍ എല്ലാം അറിഞ്ഞു എന്നല്ലേ പറയുന്നത് , നിങ്ങള്‍ യോനീ സുഖം അറിഞ്ഞിട്ടുണ്ടോ ? “. നിത്യ ബ്രഹ്മചാരിയായ ശങ്കരന്‍ സ്ത്രീ വിഷയത്തില്‍ തികഞ്ഞ അജ്ഞന്‍ ആണെന്ന് പറയേണ്ടല്ലോ. ശങ്കരന്‍ പറഞ്ഞു : “ഇല്ല , അത് മാത്രം എനിക്കറിയില്ല”, വിദുഷി : “എന്നാല്‍ നിങ്ങള്‍ അതറിഞ്ഞു വരൂ “ . പാവം ശങ്കരന്‍ സ്ത്രീ സുഖം എന്തെന്നറിയാന്‍ ഒരു വേശ്യയുടെ അടുത്ത് കൂടി. പിന്നെ നാലഞ്ചു വര്ഷം കഥയില്‍ വിരാമം, അഞ്ചാം വര്ഷം ശങ്കരന്‍ തന്റെ താളിയോല ഗ്രന്ഥങ്ങളില്‍ അവസാനത്തെതില്‍ ചിലത് കിട്ടിയ വിലയ്ക്ക് ചന്തയില്‍ വിറ്റു തന്റെ മൂന്നാമത്തെ കുട്ടിക്ക് കരപ്പനു മരുന്ന് വാങ്ങാന്‍ പോകുന്നതാണ് കണ്ടത് , അതാണ്‌ ഞാന്‍ പറഞ്ഞത് ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠം കയറിയിട്ടില്ല എന്നത്. സംസാരസാഗരത്തില്‍ ആടാനിറങ്ങിയവരെല്ലാം അവിടെ മുങ്ങി മരിച്ചിട്ടേ ഉള്ളൂ , ആരും അവിടെ നിന്ന് രക്ഷപെട്ടിട്ടില്ല" എന്ന്.

അങ്ങനെ വിവാഹം ഉടനെ വേണ്ട എന്നുറപ്പിച്ച അവസരത്തിലാണ് ഞങ്ങളുടെ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്ന് ആലോചന വന്നത്. അകന്ന ഒരമ്മാവന്റെ മകള്‍ തന്നെ, പതിവ് മുറപ്പെണ്ണ്അല്ല എന്ന് മാത്രം. വളരെ അടുത്തറിയാവുന്ന മങ്കൊമ്പ് തെക്കെക്കരയില്‍ നിന്ന് തന്നെ. പല കാരണങ്ങളും കൊണ്ടു ജ്യേഷ്ടനും അച്ഛനും അല്പം താല്പര്യം കാണിച്ചു എങ്കിലും എന്റെ മുമ്പ് പറഞ്ഞ എതൃപ്പ് കാരണം എന്നോടു പറയാന്‍ അവര്‍ വൈമനസ്യം കാട്ടി. പെട്ടെന്നൊരു ദിവസം ഒരു ഞായറാഴ്ച ഈ പെങ്കു്ട്ടിയുടെ അച്ഛന്‍ (എന്റെ ഒരകന്ന അമ്മാ വന്‍) പുലര്ച്ചെ മലബാര്‍ എക്സ്പ്രെസ്സില്‍ ഞാന്‍ താമസിക്കുന്ന ആര്‍ ഈ സി യിലെ E ഹോസ്റ്റലില്‍ തിരഞ്ഞു പിടിച്ചെത്തി.(ഞാന്‍ അന്ന് E ഹോസ്റ്റലിലെ റെസിഡണ്ട് വാര്ഡവന്‍ ആയിരുന്നല്ലോ.) രാവിലെ കുളിയും മറ്റും കഴിച്ചു ഞങ്ങള്‍ രണ്ടു പേരും കൂടി D ഹോസ്റ്റലിലെ മെസ്സില്‍ പ്രാതല്‍ കഴിക്കാന്‍ എത്തി. അവിടെ ഞായറാഴ്ച മസാല ദോശയാണ് പ്രാതലിനു പലഹാരം. സ്വാഭാവികമായും ദോശ വരാന്‍ കുറച്ചു സമയം കൂടുതല്‍ എടുത്തു. ദോശക്കു വേണ്ടി കാത്തിരുന്ന സമയത്ത് അമ്മാവന്‍ വിവാഹകാര്യം എടുത്തിട്ടു. “നിനക്ക് എന്റെ മകളെ ഇഷ്ടമാണോ?“ ഇതാണ് ആദ്യത്തെ ചോദ്യം. ചെറുപ്പം മുതല്‍ കാണുന്ന കുട്ടി, കാണാനും മോശമല്ല. നാടന്‍ ഭാഷയില്‍ അടക്കവും ഒതുക്കവും ഐശ്വര്യവും ഉള്ള കുട്ടി. സ്വാഭാവികമായും എന്റെ ഉത്തരം “അതെ” എന്ന് തന്നെ. പക്ഷെ അടുത്ത ചോദ്യം എന്നെ കുഴപ്പത്തിലാക്കി . “എങ്കില്‍ അവളെ നിനക്ക് വിവാഹം കഴിച്ചു കൂടെ? “. എന്നായി. എന്ത് കൊണ്ടു ഉടനെ വിവാഹം കഴിക്കാന്‍ ഞാന്‍ തയാറല്ല എന്നതിന് കാര്യകാരണങ്ങള്‍ പറഞ്ഞു ഞാന്‍ വാചാലനായി. അപ്പോള്‍ അമ്മാവന്‍ അടവ് മാറ്റി “ നിനക്ക് ഉന്നത വിദ്യാഭ്യാസത്തിനു പോകാന്‍ വിവാഹം കഴിഞ്ഞാലും ആയിക്കൂടെ, സാമ്പത്തികം ആണെങ്കില്‍ ഞാന്‍ വേണ്ടത് ചെയ്തു കൊള്ളാം?”. “ "വിവാഹം കഴിക്കാം, എന്റെ പഠനം കഴിഞ്ഞു മതി “ എന്നൊക്കെ പറഞ്ഞു നോക്കി, പ്രായം തികഞ്ഞ പെണ്കുട്ടിയെ വീട്ടില്‍ നിര്ത്തു ന്ന മാതാപിതാക്കളുടെ പരിദേവനം ആയി അപ്പോള്‍. ചുരുക്കത്തില്‍ അമ്മാവന്റെ പ്രലോഭനം കൊണ്ടോ മസാല ദോശ വരാന്‍ താമസിച്ചത് കൊണ്ടോ, കാരണം അറിയില്ല ഒരു ദുര്ബ്ബല നിമിഷത്തില്‍ ഞാന്‍ വിവാഹത്തിന് പകുതി സമ്മതം മൂളി എന്ന് തന്നെ പറയാം. വിജയ ശ്രീലാളിതനായി അമ്മാവന്‍ ഉടന്‍ തന്നെ ( ഞാന്‍ അഭിപ്രായം മാറുന്നതിനു മുമ്പ് തന്നെ) സ്ഥലം വിട്ടു.

അങ്ങനെയാണ് 1969ല്‍ ഡിസംബറില്‍ ഞങ്ങളുടെ വിവാഹം ഗുരുവായൂരില്‍ വച്ചു നടന്നത്. കോഴിക്കോട്ടു റീജിയണല്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ ജോലിക്ക് ചേര്ന്നതു സെപ്റ്റംബറില്‍ , ഏതാനും മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ. കാഷ്വല്‍ അവധി മാസത്തില്‍ ഒന്നര വച്ചു ബാക്കി ഉണ്ടായിരുന്ന ഒരു ദിവസം മാത്രം. ഉള്ള ഒരു ദിവസം അവധിയെടുത്ത് കോഴിക്കോട്ടു നിന്ന് ഞാന്‍ പാലക്കാട്ടെത്തി ജ്യേഷ്ഠനോടും കുടുംബത്തോടും ഒപ്പം രാവിലെ ഗുരുവായൂരെത്തി. മങ്കൊമ്പില്‍ നിന്ന് ശ്രീമതിയും ഞങ്ങളുടെ രണ്ടു കുടുംബങ്ങളിലെയും ബന്ധുക്കളും ആയി ഒരേ ബസ്സില്‍ പുലര്ച്ച തന്നെ അവിടെ എത്തിയിരുന്നു. കോഴിക്കോട്ടു നിന്ന് ഭരതന്‍ സാര്‍, വാസു, ജോസഫ്‌, ഐസക്, രഘുരാമി റെഡ്ഡി, കേശവ കൈമള്‍, രാമലിംഗം, അവസാന വര്ഷവിദ്യാര്‍ഥി സുധാകര മേനോന്‍, തുടങ്ങി പലരും വിവാഹത്തിന് വന്നു. എല്ലാവരും മുണ്ടുടുത്ത് നേര്യതു ചുറ്റി ക്ഷേത്രത്തിനുള്ളില്‍ കയറി ( അന്ന് വിവാഹം ക്ഷേത്ര മതില്ക്കു ള്ളില്‍ ആനക്കൊട്ടിലില്‍ വച്ച് ആയിരുന്നു ). അകത്തു കയറിയപ്പോള്‍ മാത്രം ജോസഫ്‌ കൃഷ്ണനും ഐസക് രാമനും ആയി എന്ന് മാത്രം. അറിയാതെ ശരിയായ പേര് വിളിച്ചാല്‍ ശുദ്ധികലശം കഴിക്കാന്‍ രൂപ അയ്യായിരം കരുതിക്കൊള്ളൂ എന്ന് നേരത്തെ അവരോടു പറഞ്ഞിരുന്നു. അത് കൊണ്ടു ആരും സാക്ഷാല്‍ പേര് വിളിച്ചില്ല. കൊല്ലത്തു നിന്ന് എന്റെ സുഹൃത്തുക്കളായ മുരളീധരനും ( മാവേലിക്കര) മുരളീധരന്‍ പിള്ളയും ( പാലാ) വന്നിരുന്നു വിവാഹ ചടങ്ങില്‍ പങ്കു കൊള്ളാന്‍.

വിവാഹം കഴിഞ്ഞ് ഞങ്ങള്‍ ജ്യെഷ്ടത്തിയോടും ജ്യെഷ്ടനോടും കൂടി ഒരു അമ്പാസഡര്‍ കാറില്‍ പാലക്കാട്ടേക്കു പുറപ്പെട്ടു. റോഡില്‍ കൂടിയുള്ള യാത്രയില്‍ ബുദ്ധിമുട്ടുള്ള ശ്രീമതി പിന്സീറ്റില്‍ ജ്യെഷ്ടത്തിയോടൊപ്പം ഇരിക്കുകയായിരുന്നു എങ്കിലും നാണം മറന്നു എന്റെ തോളില്‍ കിടന്നു ഒരു വിധം പാലക്കാട്ടെത്തി. സുല്ത്താന്‍ പേട്ടയില്‍ ഉദയാ ബുക്ക് സ്റ്റാളിന്റെ പുറകില്‍ ഉള്ള വാടക വീട്ടില്‍ എത്തി. വിക്ടോറിയ കോളേജിലെയും പാലക്കാട്ടെയും ജ്യേഷ്ടന്റെ മറ്റു സുഹൃത്തു ക്കള്ക്കും പാര്ട്ടി് നല്കി്യത് ഈ വീട്ടില്‍ വച്ചാ യിരുന്നു.

വിവാഹം വെള്ളിയാഴ്ച, പാര്ട്ടി ശനിയാഴ്ച, ഞായറാഴ്ച ഒരു ദിവസം കഴിഞ്ഞു തിങ്കളാഴ്ച പുലര്ച്ചെ ആറു മണിക്ക് തന്നെ ആര്‍ ഈ സി യിലേക്ക് പുറപ്പെട്ടു.. വഴിയില്‍ ബസ്സ് കേടായിപ്പോയത് കൊണ്ടു കോളേജില്‍ എത്തിയപ്പോള്‍ മണി പതിനൊന്നര. അര ദിവസം പോലും അവധി ഇല്ല, പിന്നെ തലവന്‍ ചാര്ളൂ സാറിന്റെ കാലു പിടിച്ചു, ശമ്പളം പോകു ന്നത് പോരാഞ്ഞു ടി കെ എമ്മില്‍ നിന്ന് വിട്ടു ആര്‍ ഈ സി യില്‍ ചേര്ന്ന്പ്പോള്‍ പോലും ഒരു ദിവസം പോലും സര്വീസ് ബ്രെയ്ക്കില്ലാത്ത എനിക്ക് സര്വീ സ് ബ്രെയ്ക്കൊഴിവാക്കാനായി അപേക്ഷിച്ചു. അദ്ദേഹം കനിവ് കാണിച്ചു ഹാജര്‍ ബുക്കില്‍ ഒപ്പിടുവാന്‍ സമ്മതിച്ചു. ഹണിമൂണിന്റെ ബാക്കി അടുത്ത ശനി ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റി വച്ചു. ശരിക്കും പത്തു ദിവസം കൃസ്തുമസ് അവധി കിട്ടിയപ്പോഴാണ് ശ്രീമതിയുമായി മനസ്സ് തുറന്നു സംസാരിക്കാന്‍ തന്നെ സമയം കിട്ടിയത്.
ഞങ്ങള്‍  ഇന്ന്
അങ്ങനെ ഒരു കാഷ്വല്‍ ലീവില്‍ ഞാന്‍ ഒരു കല്യാണവും കഴിച്ചു , സാക്ഷാല്‍ ഗുരുവായൂരപ്പന്‍ സന്നിധിയില്‍ വച്ച് എന്റെ സഹപ്രവര്ത്ത്ക രുടെയും ബന്ധുക്ക ളുടെയും കാര്മ്മി കത്വ ത്തില്‍ , 1969 ഡിസംബര്‍ നാലിന്, എന്റെ 23 ആം വയസ്സില്‍ തന്നെ.
ഞങ്ങള്‍  അന്ന് (1969)


                     പേരക്കുട്ടികള്‍ക്കൊപ്പം
















അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും