ആര്‍ ഈ സി ഓര്‍മ്മകള്‍ - 4 കാന്റീന്‍ വിജയനും പാപ്പച്ചനും
ആര്‍ ഈ സിയില്‍ പഠിച്ചോ പഠിപ്പിച്ചോ അല്ലാ തെയോ ഏതെങ്കിലും രീതിയില്‍ ജോലി ചെയ്തവര്ക്കാര്ക്കും മറക്കാന്‍ കഴിയാത്ത രണ്ടു വ്യക്തി കളായിരുന്നു കാന്റീന്‍ വിജയനും ചായക്കട പാപ്പച്ചനും. രണ്ടു പേരും ചെയ്യുന്നത് ഒന്ന് തന്നെ , “അന്ന ദാനം മഹാദാനം “ അതു തന്നെ. ദാനം അല്ലെന്ന് മാത്രം , വളരെ ന്യായമായ പണം വാങ്ങി ക്കൊണ്ടു രുചികരമായ ഭക്ഷണം കൊടുക്കുന്നു.
കാന്റീന്‍ വിജയന്‍.
ആര്‍ ഈ സി തുടങ്ങിയ 1965ലാണ് ഒരു ദിവസം അന്നത്തെ പ്രിന്സിപ്പാള്‍ ഡോ.എം വി കേശവറാവു വിജയനെ വിളിപ്പിച്ചു ചോദിച്ചത്. “നിങ്ങള്ക്ക് ചായയും ഊണും എത്ര പൈസക്ക് ഉണ്ടാക്കി കൊടുക്കാന്‍ കഴിയും?”. വിജയന്‍ പറഞ്ഞു “പത്തു പൈസക്ക് ചായ ഒരു രൂപയ്ക്ക് ഊണ് ”. പ്രിന്സിപ്പല്‍ 15 പൈസ പ്രതീക്ഷിച്ചപ്പോഴാണ് വിജയന്‍ ഇങ്ങനെ പറഞ്ഞത്. കാന്റീന്‍ കോണ്ട്രാക്റ്റ് വിജയന് തന്നെ കിട്ടി, ആദ്യം സസ്യാ്ഹാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് മാംസാഹാരവും ഒരു ബേക്കറി സെക്ഷനും തുടങ്ങി.
ഇടയ്ക്ക് ഏതാനും വര്ഷങ്ങളൊഴികെ കാന്റീന്‍ പ്രവര്ത്തിപ്പിച്ചു വരുന്നതു ശ്രീ പി വിജയന്‍ എന്ന കാന്റീന്‍ വിജയന്‍ തന്നെ. ഞാന്‍ ജോലിയില്‍ പ്രവേശിച്ച കാലം (1969) മുതല്‍ വിജയനെ ഏകദേശം ഒരു പോലെ തന്നെകാണുന്നു, അമ്പതോളം വര്ഷമായി. അന്നും ഇന്നും ഒരു ചെറു പുഞ്ചിരി യോടെ ഞങ്ങളെയെല്ലാം സ്വീകരിക്കാന്‍ തയാ റായി അദ്ദേഹം മിക്കവാറും സമയം കാന്റീനില്‍ തന്നെ ഉണ്ടാവും. ആദ്യകാലത്ത് കെട്ടിടത്തില്‍ അത്ര സൗകര്യം ഉള്ളതായിരുന്നില്ല, അതുകൊണ്ടു പനയോല കൊണ്ടു നിര്മ്മിച്ച ഒരു ചുറ്റു കുടില്‍ മുമ്പില്‍ തന്നെ ഉണ്ടാക്കിയിരുന്നു, പിന്നീടു കാന്റീന്‍ കെട്ടിടം താഴെയും മുകളിലുമായി രണ്ടു വിങ്ങുകളും ചേര്ത്ത് വിപുലമാക്കിയപ്പോള്‍ താല്ക്കാലിക ഷെഡ് പൊളിച്ചു കളഞ്ഞു. ഇടക്ക് കുറച്ചു നാള്‍ കോഴിക്കോട്ടു യൂണിവെര്സിറ്റിയിലും കുറച്ചു നാള്‍ നഗരത്തില്‍ രാധതിയേറ്റരിന്റെ അടുത്തു ഷാലിമാര്‍ എന്ന പേരില്‍ ഹോട്ടല്‍ നടത്താനും ( ഇപ്പോള്‍ ഹോട്ടല്‍ ആര്യ ഭവന്റെ ഭാഗം) പ്രോവിഡന്സ് കോളേജില്‍ കാന്റീന്‍ നടത്താന്‍ പോയപ്പോഴും വിജയന്‍ ആര്‍ ഈ സിയിലെ കുട്ടികളെയും വിദ്യാര്ഥികളെയും പൂര്ണമായും മറന്നില്ല. ഭരണ സമിതി തിരിച്ചു വിളിച്ചപ്പോള്‍ സന്തോഷത്തോടെ തിരിച്ചു വന്നു.
കോളേജു നിര്ദ്ദേ്ശിക്കുന്ന വിലയ്ക്ക് ചായയും ഊണും ചെറു പലഹാരങ്ങളും വില്ക്ക്ണം എന്നാ ണു നിബന്ധന. മത്സ്യം മാംസം മധുര പലഹാര ങ്ങള്‍ എന്നിവയുടെ വിലയില്‍ അത്ര കടുംപിടുത്തം ഇല്ലെന്നു തോന്നുന്നു. എന്നാലും പച്ചക്കറിക്കും മറ്റും ഇത്രമാത്രം വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്ന ഇക്കാലമത്രയും ആരെ ക്കൊണ്ടും ചീത്ത പറയിക്കാതെ ഭക്ഷണം കൊടുക്കുന്ന വിജയനെ അഭിനന്ദിക്കാതെ വയ്യ. വിജയന്‍ ഒരിക്കലും മോശമായ ഭക്ഷണം വില്ക്കാറില്ല. അദ്ദേഹം കൊടുത്ത ഭക്ഷണത്തില്‍ നിന്ന് ഒരിക്കലും ആര്ക്കും ഭക്ഷ്വിഷബാധയും ഈ അമ്പതിലധികം വര്ഷമായി ഉണ്ടായിട്ടില്ല. അയാളുടെ സഹായി ആയി പ്രവര്ത്തിച്ച പലരെയും അയാള്‍ കൈപിടിച്ചു നല്ല ജോലിയില്‍ കയറ്റി വിട്ടിട്ടുണ്ട്, ഇപ്പോള്‍ കുറെ നേപ്പാളികളാണ് സഹായികള്‍. മര്യാദയില്ലാതെ വൃത്തിയി ല്ലാതെ കാണുന്ന ഒരാളെപ്പോലും വിജയന്‍ അവിടെ പണിക്കു നിര്തിയതായി അറിവില്ല. അല്പ്പം മര്യാദ കുറവെന്നു തോന്നിയാല്‍ അവനെ ഉടന്‍ തന്നെ പുറത്താക്കിയിരിക്കും.
വല്ലപ്പോഴും ഒരിക്കല്‍ കിട്ടുന്ന പാര്ട്ടിയോ സദ്യയോ ആണ് അല്പ്പം ലാഭമുണ്ടാക്കുവാന്‍ കഴിയുന്നത്, അതും ചിലപ്പോള്‍ ഗസ്റ്റ് ഹൌസി ലെക്കായി പോകും, ബാക്കിയാണ് വീണു കിട്ടുന്നത്. അടുത്തു മണാശ്ശേരിയില്‍ ഒരു കണ്വന്ഷന്‍ കേന്ദ്രവും മറ്റും ആയപ്പോള്‍ സല്ക്കാരങ്ങളും കുറഞ്ഞു. മുക്കത്ത് നിന്ന് മാറി കാരന്തൂര്‍ താമസം ആക്കിയപ്പോഴും മക്കളില്‍ ഒരാള്‍ കാറ്ററിംഗ് ടെക്നോളജി പഠിച്ചു പൂര്ത്തിയാക്കിയിട്ടും വിജയന്‍ തന്റെ നല്ല രീതി കള്‍ തുടര്ന്നു കൊണ്ടുതന്നെ ഇരിക്കുന്നു. 25 വര്ഷം കഴിഞ്ഞു രജത ജുബിലി പുന:സമാഗമത്തിന് ആര്‍ ഈ സി യില്‍ എത്തുന്ന എല്ലാവരും ആദ്യം കാണാനെത്തുന്നത് വിജയനെ തന്നെ. വിജയന്‍ അത്രമാത്രം ആര്‍ ഈ സി വാസികളുടെ ഹൃദയത്തില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. “ഒരു മനുഷ്യന്റെ ഹൃദയത്തിലേക്കുള്ള വഴി വായില്‍ കൂടി ആണെന്ന്” സ്ത്രീകളോട് ഉപദേശിക്കുമ്പോള്‍ വിജയനെ കൂടി അതില്‍ ചേര്ക്കളണമെന്ന് ഞങ്ങള്‍ പറയും, തീര്ച്ചയായും.
ക്യാമ്പസില്‍ സിനിമാ പിടിക്കാന്‍ വരുന്നവരെ സഹായിക്കാന്‍ വിജയന്‍ മുമ്പില്‍ തന്നെയുണ്ടാവും “കാറ്റത്തെ കിളിക്കൂടും” മറ്റും പിടിച്ചപ്പോള്‍ വിജയനായിരുന്നു അവര്‍ക്ക് സഹായം. കെ ടി സി യുടെ പല ചിത്രങ്ങളും ആര്‍ ഈ സി യില്‍ ഫിലിം ചെയ്തപ്പോള്‍ വിജയന്‍ ചെയ്ത സഹായങ്ങള്‍ അവരൊ ക്കെ മറന്നാലും ഞങ്ങള്‍ കണ്ടതാണ്.
ചായക്കട പാപ്പച്ചന്‍
ആര്‍ ഈ സിയിലെ അന്നത്തെ ജീവിതത്തിന്റെ ഭാഗമായിരുന്നു കോളെജിനു തൊട്ടു പുറകില്‍ ഉണ്ടായിരുന്ന പാപ്പച്ചന്റെ ചായക്കടയും. ഇപ്പോള്‍ പാപ്പച്ചന്റെ കട ഇരിക്കുന്ന സ്ഥലത്തല്ല അന്ന്, കോളേജിലെ പടിഞ്ഞാറെ ഗെയ്റ്റിനു തൊട്ടടുത് ഒരു ഓലപ്പുരയില്‍ ആയിരുന്നു കട. ചാണകം മെഴുകിയ നല്ല ഒന്നാം തരം തറ. പനയോല കൊണ്ടു മേല്പുരകെട്ടി തെങ്ങോല കൊണ്ടു ചുറ്റും മറച്ചു നല്ല രീതിയില്‍ വായു സഞ്ചാരം ഉള്ള രീതിയില്‍ ഉണ്ടാക്കിയത്. കിണറ്റു വെള്ളം ആണുപയോഗിക്കുന്നത്. കണ്ണീര്‍ പോലെ തെളിഞ്ഞ വെള്ളം. പാപ്പച്ചന്‍ വൃത്തിയുടെ കാര്യത്തില്‍ വളരെ നിര്ബന്ധബുദ്ധി ഉള്ളയാളായിരുന്നു. അവിടെ വരുന്ന കുട്ടികള്‍ പോലും മാന്യമായ രീതിയില്‍ പ്രവര്ത്തി ക്കണം എന്ന് അദ്ദേഹം നിര്ദ്ദേശിച്ചിരു ന്നു. ഡിസ്കില്‍ കൊട്ടി താളം പിടിക്കാനോ ചിത്രം വര്യ്ക്കാനോ പറ്റില്ല.
പാപ്പച്ചനും തെക്ക് കൊല്ലത്തിനടുത്തു നിന്ന് വന്നതായിരുന്നു. വീട്ടില്‍ അല്പം വിപ്ലവം ഉണ്ടാക്കി പോന്നതായിരുന്നുവത്രേ. താന്‍ സ്നേഹിച്ച പെണ്കുട്ടിയെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാതിരുന്നപ്പോള്‍ പ്രതിഷേധിച്ചു പുറപ്പെട്ട് കോഴിക്കൊട്ടെ ത്തിയതായിരുന്നു. ചാത്ത മംഗലത്ത് വന്നു രാഘവന്‍ എന്ന നാട്ടുകാരന്റെ അച്ഛന്‍ ദാമുവേട്ടന്റെ സഹായത്തോടെയാണ് ചായക്കട ഇട്ടതു. രാഘവനും സഹായത്തിനു കൂടി. കുറെ വര്ഷ്ങ്ങള്‍ കഴിഞ്ഞു പാപ്പച്ചന്‍ ആ പെണ്കു ട്ടിയെ തന്നെ വിവാഹം കഴിച്ചു മലബാറി ലേക്ക് കൂട്ടിക്കൊണ്ടു പോന്നു.
പാപ്പച്ചന്റെ കടയിലെ ഭക്ഷണം അവിടത്തെ വൃത്തിപോലെ തന്നെ പ്രസിദ്ധമാണ്. ചായയുടെ കടുപ്പവും മധുരവും ഒരിക്കല്‍ പറഞ്ഞാല്‍, എത്ര നാള്‍ കഴിഞ്ഞാലും നാം ഉദ്ദേശിക്കുന്ന രീതിയില്‍ തന്നെ ഉണ്ടാക്കിത്തരും, രണ്ടാമതൊരു പ്രാവശ്യം പറയേണ്ട ആവശ്യമില്ല. ഉച്ചഭക്ഷണം ആവശ്യ മുള്ളവര്‍ മുന്കൂട്ടി പറയണം. സസ്യാഹാരം മാത്രമേ കിട്ടൂ. നല്ല പുഞ്ചയരി പാകമായി വേവിച്ചു സാമ്പാറും തോരനും അവിയലും അച്ചാറും മോരുകറിയും ഉണ്ടാവും. ഒരു പപ്പടവും. ചോറ് ആവശ്യത്തിനു കഴിക്കാം. തയിര് വേണ്ടവര്‍ പറയണം. ആവശ്യമനുസരിച്ച് ഓരോരുത്തര്ക്കും കുപ്പിഗ്ലാസ്സില്‍ തയിര്‍ പ്രത്യേകം തയാറാക്കി അലമാരയില്‍ അടച്ചു വെച്ചേക്കും. ഉച്ചക്ക് ഒന്നര മണിക്കു മുമ്പ് ഭക്ഷണം കഴിക്കാന്‍ എത്തിയിരിക്ക ണമെന്നു നിര്ബസന്ധമാണ്. അത് കഴിഞ്ഞാല്‍ കിട്ടുകയില്ല.
ഇത്രയൊക്കെ നിബന്ധനയുണ്ടായിരുന്നു എങ്കിലും പാപ്പച്ചന്‍ ആകാവുന്നത്ര ആള്ക്കാര്ക്ക്ട ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നു. വലിയ ലാഭം ഒന്നും ഉണ്ടാക്കിയതായി അറിയില്ല. നഷ്ടം ഉണ്ടായാലും പതിവുകാരെ വെറുപ്പിക്കുന്ന ഒരു കാര്യവും പാപ്പച്ചന്റെ കയ്യില്‍ നിന്നുണ്ടാവുകയില്ല. ഇപ്പോള്‍ പ്രായമായി, കട പൂര്ണമായും നിറുത്തിയിട്ടില്ല എന്ന് മാത്രം. സാമ്പത്തികമായി അത്ര സുരക്ഷി തമല്ല എന്നാണു അടുത്തു കേട്ടത്.
അങ്ങനെ ആര്‍ ഈ സി യിലെ കുട്ടികള്ക്കും അദ്ധ്യാപകര്ക്കും അദ്ധ്യാപകേതര ജീവന ക്കാര്ക്കും നല്ല ഭക്ഷണം മാത്രം വിളമ്പുന്ന ഈ രണ്ടു മഹദ് വ്യക്തികള്ക്ക് എന്റെ വ്യക്തിപ രമായ സ്നേഹാദരങ്ങളും അഭിവാദ്യങ്ങളും





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ