21 :മകന്റെ ജനനവും എം ടെക്കിനു പോക്കും
ഏതായാലും എം ടെക്കിനു ഉടനെ പോകാന്‍ കഴി യുമെന്ന സ്വപ്നം തല്ക്കാലം പൊളിഞ്ഞു. അടുത്ത വര്ഷമെങ്കിലും അവസരം കിട്ടുമോ എന്ന് നോക്കാം.
ഇതിനിടയില്‍ ആര്‍ ഈ സി, ഐ ഐ ടി പോലെയുള്ള ദേശീയ വിദ്യാഭ്യാസ സ്ഥാപന ങ്ങളില്‍ അദ്ധ്യാപകരുടെ കുറഞ്ഞ യോഗ്യത മാസ്റ്റര്‍ ബിരുദം ആക്കാന്‍ പോകുന്നു എന്ന് കേട്ടു. സാങ്കേതിക സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ ഗുണനിലവാരം ഉയര്ത്താനുള്ള ഒരു പദ്ധതി കേന്ദ്ര സര്ക്കാര്‍ അന്ന്തുടങ്ങിയിരുന്നു. ക്വാളിറ്റി ഇമ്പ്രൂവ്മെന്റ്റ് പ്രോഗ്രാം ( QIP) എന്നറിയപ്പെട്ട ഈ പദ്ധതിയില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരായിട്ടുള്ള സീനിയര്‍ അദ്ധ്യാ പകര്ക്ക് ഉയര്ന്ന ബിരുദം നേടാന്‍ ഐ ഐ ടി കള് പോലെയുള്ള സ്ഥാപനങ്ങളില്‍ പോയി പഠിക്കാന്‍ മുഴുവന്‍ ശമ്പളത്തോടെയുള്ള അവധിയും കൂടാതെ ചെറിയ ഒരു അലവന്സും കൊടുക്കാനായിരുന്നു പദ്ധതി. പുസ്തകങ്ങള്ക്കും മറ്റു ചിലവുകള്ക്കും ഒരു ചെറിയ തുക ഗ്രാന്റായും കിട്ടുമായിരുന്നു. കോഴിക്കോട് ആര്‍ ഈ സി യില്‍ ഈ പദ്ധതി പി എച് ഡി ക്കു പോകുന്നവര്ക്ക്മ മാത്രമേ കിട്ടുകയുള്ളൂ എന്നാണു ബോര്ഡു തീരുമാനിച്ചത്. എം ടെക്കിനു പോകുന്നവര്‍ സ്വന്തം ചിലവില്‍ പഠിക്കണം എന്നായിരുന്നു തീരുമാനം. എന്നെക്കാള്‍ സീനിയരായ ഒന്ന് രണ്ടദ്ധ്യാപകര്‍ എന്നോടു പറയുകയും ചെയ്തു “ എന്തിനാ മോഹന്‍ ദാസെ, കിട്ടുന്ന ശമ്പളം കളഞ്ഞു പഠിക്കാന്‍ പോകുന്നത്, ഇന്നല്ലെങ്കില്‍ നാളെ അവര്‍ എം ടെക്കും QIP പദ്ധതിയില്‍ പെടുത്തും. അപ്പോള്‍ മാത്രമേ ഞങ്ങള്‍ പോകുന്നുള്ളൂ “ എന്നും അവര്‍ പറഞ്ഞു. ഇതില്‍ ഡാനിയല്‍ ഉമ്മന്‍ എന്ന കക്ഷിയായിരുന്നു പ്രമുഖന്‍. പക്ഷെ ഞാനും വെങ്കടരമണിയും എന്തും വരട്ടെ എന്ന് തീരുമാ നിച്ചു ശമ്പളമില്ലാത്ത അവധിയില്‍ രണ്ടാം വര്ഷം എം ടെക്കിനു ചേരാന്‍ തീരുമാനിച്ചു. 1971 ല്‍ വെങ്കടരമണി പോയി, എനിക്ക് 1972 അദ്ധ്യയന വര്ഷം ആദ്യം പോകാം എന്ന പ്രതീക്ഷയും ആയി.
എനിക്ക് ആദ്യം തന്നെ പഠിപ്പിക്കാന്‍ കിട്ടിയ ചില വിഷയങ്ങള്‍ അല്പ്പം ബുദ്ധിമുട്ടുള്ളവയായിരുന്നു. ടി കെ എമ്മിലെ ഒരു വര്ഷം മുമ്പുണ്ടായിരുന്ന മുന്‍ പരിചയം കണക്കാക്കിയാണ് എന്ന വിശദീ കരണവും. ഞാന്‍ വിവാഹം കഴിച്ചു വന്ന ആദ്യ നാളുകളില്‍ ഞാന്‍ പഠിപ്പിച്ചു കൊണ്ടിരുന്നത് മെക്കാനിക്കല്‍ ബ്രാഞ്ചിലെ കുട്ടികള്ക്ക് വേണ്ടി യുള്ള ഒരു ഇലക്ടീവ് വിഷയം ആയിരുന്നു, ഇന്സ്ട്രമെന്റ്റേഷന്‍ & സെര്വോമെക്കാനിസം എന്ന പേരില്‍. കുട്ടികള്‍ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂ എങ്കിലും വിഷയം ഞാന്‍ പഠിച്ചതായിരുന്നില്ല. കണ്ട്രോള്‍ സിസ്റ്റം തന്നെ കഷ്ടിച്ചു പഠിച്ചു എന്നെ പറയാനാവൂ. ബി എസ സി എഞ്ചിനീയറിങ്ങിന് അവസാന വര്ഷം ഇന്ഡസ്ത്രിയല്‍ ഇല്കട്രോണിക്സ് & കണ്ട്രോള്‍ സിസ്റ്റം എന്ന് ഒരു വിഷയം ഉണ്ടായിരുന്നു. പക്ഷെ ടി കെ എമ്മില്‍ ആ വിഷയം ഞങ്ങളെ പഠിപ്പിച്ചത് ബെന്ഗാളില്‍ നിന്ന് വന്ന ഒരു മുഖര്ജി ആയി രുന്നു. അദ്ദേഹം ഇലക്ട്രോണിക്സ് മാത്രമേ പഠിപ്പിച്ചിരുന്നുള്ളൂ. തനിയെ പഠിക്കാന്‍ വളരെ വിഷമമുള്ള കന്ട്രോള്‍ സിസ്റ്റം ഞങ്ങള്‍ വളരെ ബുദ്ധിമുട്ടി കഷ്ടിച്ച് രണ്ടു ചോദ്യത്തിനു ഉത്തരം എഴുതാന്‍ മാത്രമേ പഠിച്ചിരുന്നുള്ളൂ. അതുകൊണ്ടു ഈ വിഷയം പഠിപ്പിക്കാന്‍ ഓരോ ദിവസവും ഒരു മണിക്കൂര്‍ ക്ലാസെടുക്കാന്‍ മൂന്നു മണിക്കൂര്‍ വരെ തയ്യാറെടുപ്പും നോട്ടെഴുതലുമൊക്കെ വേണ്ടി വന്നു. ചുരുക്കത്തില്‍ നവവധു കൂര്ക്കം വലിച്ചു നല്ല രണ്ടുറക്കം കഴിയുമ്പോഴായിരുന്നു ഞാന്‍ ഉറങ്ങാന്‍ തുടങ്ങിയിരുന്നത്.
അഞ്ചും ആറും പുസ്തകങ്ങള്‍ വായിച്ചു സ്വന്തമായി നോട്ടെഴുതുക ശ്രമകരമായിരുന്നു. എന്നാലും പുതിയ വിഷയം പഠിക്കാനുള്ള ആഗ്രഹത്തില്‍ അത് ചെയ്തു വന്നു. പോരാഞ്ഞു എന്റെ അദ്ധ്യാപന ജീവിതത്തില്‍ ക്ലാസെടുക്കുന്നുതിനു മുമ്പ് വിശദമായ നോട്ടെഴുതി വക്കുക എന്നത് ആദ്യം മുതലേ ഉള്ള ശീലമായിരുന്നു. ഒരു കോര്സിനു ഞാന്‍ തയാറാക്കിയ നോട്ടുകള് 200 പേജിന്റെ രണ്ടോ മൂന്നോ ബുക്കുകള്‍ വരെ ഉണ്ടാകും. ആദ്യമാദ്യം ചിലസമയത്തു ക്ലാസ്സില്‍ വച്ച് ഈ നോട്ടുകള്‍ വായിക്കുകയോ നോക്കുകയോ ചെയ്യുമായിരുന്നു. പിന്നെ പിന്നെ ഈ ബുക്കുകള്‍ മാജിക്കുകാരന്റെ മാന്ത്രിക വടി പോലെ മേശപ്പുറ ത്തിരിക്കും അത്യാവശ്യം വന്നാല്‍ മാത്രം തുറന്നു നോക്കും എന്ന് മാത്രം. ഈ ശീലം എനിക്ക് പെന്ഷ നാകുന്നതിനു മുമ്പ് വരെ ഉണ്ടായിരുന്നു. അപൂര്വ്വം മാത്രമേ ടെക്സ്റ്റു പുസ്തകവുമായി അല്ലെങ്കില്‍ കയ്യും വീശി ഞാന്‍ ക്ലാസില്‍ പോകാരുണ്ടായിരുന്നുള്ളൂ. ചില ശീലങ്ങള്‍ മാറ്റാന്‍ വിഷമമാണല്ലോ. ഇപ്പോഴും പത്തു മിനുട്ട് ഒരു ഉദ്ഘാടനപ്രസംഗം ആണെങ്കിലും ഒന്നെഴുതി വച്ചത് എന്റെ പോക്കറ്റില്‍ ഉണ്ടാവും. അത് ആത്മ വ്ശ്വാസത്തിനു ആവശ്യമായി തീര്ന്നിരിക്കുന്നു. ഇങ്ങനെ ഞാന്‍ എഴുതി വച്ച നോട്ട്ബുക്കുകള്‍ നേരെ ചൊവ്വേ എഡിറ്റു ചെയ്‌താല്‍ പല വിഷയത്തിനും പുസ്തകങ്ങള്‍ ആക്കാമായിരുന്നു .
ഏതായാലും എം ടെക്കിനു പോകാന്‍ കഴിഞ്ഞില്ലെങ്കിലും സൃഷ്ടിപരമായ മറ്റു ചില പരിപാടികള്‍ തുടര്ന്നു കൊണ്ടിരുന്നു, അങ്ങനെ ശ്രീമതി വീണ്ടും ഗര്ഭിണിയായി. അയാള്‍ ചെറിയ മകളെ നോക്കലും വീട്ടു ജോലിയും ഒക്കെ ആയി നല്ല വണ്ണം ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. എന്നാലും എന്റെ ഏഴു മണി വരെയുള്ള ക്ലബ്ബില്‍ പോക്ക് മുടങ്ങിയിരുന്നില്ല. ശാരീരികമായ വയ്യാഴ്ക കൊണ്ടു ചില ദിവസങ്ങളില്‍ സങ്കടവും പിണക്കവും ഒക്കെ സ്വാഭാവികമായിരുന്നു. ഏപ്രില്‍ മാസം ആദ്യമായിരുന്നു പ്രസവതീയതി. അതുകൊണ്ടു മാര്ച് 31 നു കോളേജ് അടക്കുമ്പോള്‍ വീട്ടില്‍ പോയാല്‍ മതിയല്ലോ എന്ന് വിചാരിച്ചു . സാമ്പത്തികം നോക്കി ശമ്പളം കിട്ടിയിട്ടാവാം യാത്ര എന്ന് കരുതി അല്പം വൈകി. ഏപ്രില്‍ മൂന്നാം തീയതിയാണ് കോഴിക്കോട്ടു നിന്ന് പുറപ്പെടാന്‍ കഴ്ഞ്ഞത്. പിറ്റേ ദിവസം രാവിലെ പോയ വഴി തന്നെ കോട്ടയത്ത് ഇറങ്ങി നമ്മുടെ മകളെ പ്രസവിച്ച ആശുപത്രിയില്‍ പോയി . ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ "അല്പ്പം വൈകിപ്പോയല്ലോ നിങ്ങള്‍ ട്രെയിനില്‍ വച്ച് പ്രസവിക്കാത്തത് ഭാഗ്യം" എന്ന് പറഞ്ഞു ദ്വേഷ്യപ്പെട്ടു. ശ്രീമതിയെ ആശുപത്രിയില്‍ തന്നെ നിര്ത്തി വീട്ടില്‍ പോയി ആരെ യെങ്കിലും കൂട്ടി വന്നോളൂ എന്ന് പറഞ്ഞു വിട്ടു.. ഞാന്‍ വീട്ടില്‍ പോയി കുഞ്ഞുമോളെ അമ്മുമ്മയുടെ കൂടെ വീട്ടിലാക്കി. അത്യാവശ്യം തുണികളും മറ്റും എടുത്തു സഹായി ആയി ഒരു സ്ത്രീയെയും കൂട്ടി അന്ന് തന്നെ വൈകുന്നേരം ആശുപത്രിയില്‍ എത്തി. രണ്ടു ദിവസം കഴിഞ്ഞു ഏപ്രില്‍ ആറിനു മകള്ക്ക് ഒരു കുഞ്ഞനിയന്‍ പിറന്നു. മെലിഞ്ഞു തലയില്‍ തീരെ മുടിയില്ലാത്ത ഒരു കുട്ടന്‍. ചേച്ചിയെപ്പോലെ ജാടയോന്നുമില്ലാത്ത ഒരു പാവം കുഞ്ഞു. അമ്മയെ തീരെ വിഷമിപ്പിക്കാതെ പ്രസവ വേദന തുടങ്ങി ഒരു മണിക്കൂറിനകം പ്രസവം നടന്നു. ഇപ്പോഴും അമ്മയുടെ ഇള്ള ക്കുട്ടിയായ ഞങ്ങളുടെ മകനും അങ്ങനെ ഭൂജാതനായി. മദ്ധ്യ വേനല്‍ അവധിയായിരുന്നത് കൊണ്ടു കുഞ്ഞുങ്ങളുമായി വീട്ടില്‍ കഴിയാന്‍ സാധിച്ചു. അവധി കഴിഞ്ഞു കോളേജില്‍ വന്നു ജൂണ്‍ മാസാവസാനം ഐ ഐ ടി യിലേക്ക് പോകാന്‍ ശമ്പളമില്ലാത്ത അവധി കിട്ടി. അങ്ങനെ ജൂലൈ ആദ്യം ഞാന്‍ ബിരുദാനന്തര ബുരുദം പഠിക്കാന്‍ മദിരാശി ഐ ഐ ടി യില്‍ ചേര്ന്നു .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ